21 Jul 2015

എന്റെ പ്രിയപ്പെട്ട അച്ഛൻകുട്ടി :)

കുഞ്ഞുന്നാളിൽ ഏതെങ്കിലും കണ്ണിനു പുതുമയേകുന്ന സാധനങ്ങൾ കാണുമ്പോൾ  അച്ഛാ അതുകാണാൻ നല്ല ഭംഗി ഉണ്ടല്ലേ എന്നു ചോദിക്കുമായിരുന്നു ഞാൻ . ഒരിക്കലും എനിക്കാസാധനം വേണം എന്നു പറഞ്ഞു  ഞാൻ വാശി പിടിച്ചിട്ടില്ല. കാരണം എനിക്ക് അതു  വേണം എന്നുപറഞ്ഞാൽ അച്ഛനതു വാങ്ങിച്ചു തരാൻ കഴിഞ്ഞില്ലെൽ പിന്നീട് അച്ഛനതു വിഷമമാവും എന്നെനിക്കു അറിയാമായിരുന്നു.

 അന്നൊക്കെ പലപ്പോഴും എൻറെ അച്ഛൻ പറയുന്നതു  കേട്ടിട്ടുണ്ട് എൻറെ അച്ഛമ്മയുടെ  മക്കളിൽ അച്ഛൻ കുചേലനാണെന്ന്.  അച്ഛമ്മ പറഞ്ഞു തന്നിരുന്ന കഥകളിൽ നിന്നും, അന്നെല്ലാം ഞായറാഴ്ച്ചകളിൽ മാത്രം ഉണ്ടായിരുന്ന  ശ്രീകൃഷ്ണ എന്ന സീരിയലിൽ നിന്നും എനിക്കു സുപരിചിതനായിരുന്നു ഈ കുചേലൻ. അന്നു ഞാൻ പറയുമായിരുന്നു അച്ഛാ ആ കുചേലനു കുറച്ചു കഴിഞ്ഞപ്പോൾ നല്ലകാലം വന്നു. അതുപോലെ എന്റെ അച്ഛനും വരും ഒരു നല്ലകാലം. കുചേലനു വന്നപോലെ ഒരു  നല്ലകാലം വന്നില്ലെങ്കിലും എന്റെ അച്ഛനും ഇപ്പൊ സന്തോഷത്തോടെ ജീവിക്കുന്നു.


ഒരോർമ്മ

അന്നു അച്ഛന്റെ കൈ പിടിച്ചു തറവാടിന്റെ പടിയിറങ്ങുമ്പോൾ അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു. അന്നു ഞാൻ ചോദിച്ചു  "എന്തിനാ അച്ഛൻ കരയണേ ..? നമ്മുടെ  ചാച്ചനൊന്നും  നമ്മുടെ  വീട്ടിലേക്കു  വരില്ലേ ??"

അപ്പോൾ  അച്ഛൻ  "വരും " എന്ന് മാത്രം  പറഞ്ഞു .

പക്ഷെ  അവരാരും  ആ വീട്ടിലേക്കു  വന്നില്ല . എന്നാൽ  ഇപ്പോൾ  ഒരുപാടു  വർഷങ്ങൾക്കു ശേഷം എല്ലാവരും വീട്ടിൽ വരുന്നു. അന്നെനിക്ക് അറിയില്ലായിരുന്നു അവരെന്താണ് ഞങ്ങളുടെ വീട്ടിൽ വരാതിരുന്നത് എന്ന് .

ഒരാഴ്ച്ചകൊണ്ട്‌ തട്ടികൂട്ടിയ ഒരു കൊച്ചു ഓലമേഞ്ഞ വീട്. ആ വീട്ടിലെ അച്ഛൻ, അമ്മ, ഏട്ടൻ, ഞാൻ ഇതൊന്നും അവരുടെ ഒന്നും നിലക്കു  ചേരാത്തവയയിരുന്നു. എന്നാൽ  അച്ഛൻ എന്നെയും ഏട്ടനേയും പഠിപ്പിച്ചു ഞങ്ങൾ പഠിച്ചു ഞങ്ങൾക്കു ജോലി കിട്ടി. ഇന്ന് ഞങ്ങൾക്കു എല്ലാവരും ഉണ്ട്.

ഇന്ന് ഞാൻ ഓർക്കുന്നു "നമ്മുടെ  ചാച്ചനൊന്നും  നമ്മുടെ  വീട്ടിലേക്കു വരില്ലേ..?" എന്നു ചോദിച്ചപ്പോൾ "വരും" എന്നു മാത്രം പറഞ്ഞു ആ സംസാരം അച്ഛൻ അവസാനിപ്പിച്ചത്.


അന്നത്തെ ജന്മദിനങ്ങൾ

രാവിലെ കുളിച്ചു പുത്തനുടുപ്പിട്ട്
ഉമ്മറത്തു വന്നു നിൽക്കുമ്പോൾ
അച്ഛന്റേയും, അമ്മയുടേയും,
സഹോദരങ്ങളുടെയും സ്നേഹ ചുംബനം.

കുട്ടിപ്പട്ടാളവുമൊത്തു
തൊട്ടടുത്തുള്ള അമ്പലത്തിൽ പോയി
പുഷ്പാഞ്ചലിയും  കഴിച്ചു
ശ്രീകോവിലിനു മുന്നിലുള്ള പ്രാർത്ഥന.

തിരിച്ചു വീട്ടുപടിക്കലെത്തിയാൽ
അടുപ്പത്തിരുന്നു തിളക്കുന്ന
പായസത്തിന്റെ മണവും,
വിരുന്നുകാരുടെ ബഹളവും.

ഭക്ഷണമെല്ലാം തയ്യാറായാൽ
തന്റെ പേരുവിളിച്ചുകൊണ്ടു
ചിരിക്കുന്ന മുഖവുമായി
ഉമ്മറത്തു പ്രത്യക്ഷപ്പെടുന്ന അമ്മ

പിന്നെ പിറന്നാള് കുട്ടിക്കുള്ള ഊണ്...

കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ
തന്നെ ഇരുത്തി  നാക്കിലയിൽ
ചോറും, മറ്റു വിഭവങ്ങളും വിളമ്പി
തന്നോട് ചേർന്നിരിക്കുന്ന അമ്മ.

എല്ലാവരും നിരന്നിരിക്കെ
സ്നേഹത്തോടെ അമ്മ
ആദ്യത്തെ ചോറുരുള എന്നെ ഊട്ടി
പിന്നെ അച്ഛനും,  സഹോദരങ്ങളും.

അന്ന് വർണ്ണ ചിറകുകളുള്ള
ചിത്രശലഭങ്ങളെ പോലെ
പാടത്തും, പറമ്പിലും എല്ലാം
പറന്നു നടന്നിരുന്ന കാലം.

ഇന്നിവിടെ തിരക്കു പിടിച്ച
ഈ നഗരത്തിൽ തനിച്ച്
ഗൂഗ്ലിലൂടെയും, ഫോണിലൂടെയും വരുന്ന
പിറന്നാൾ ആശംസകൾ ഏറ്റുവാങ്ങുന്നു.

കുറച്ചു കൂട്ടുകാരുമൊത്ത് ഏതെങ്കിലും
ഹോട്ടലിൽ പോയി ഉച്ചയൂണ്.
സ്നേഹത്തോടെ ഉള്ള അമ്മയുടേയും മറ്റും
ചോറൂട്ടലുകളില്ല.

വരുമാനം കുറവും,
ചിലവുകൾ കൂടുതലും ഉള്ള
ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ
പണം അത്യാവശ്യമായി.

ആ പണം ഉണ്ടാക്കാൻ വീടും നാടും വിട്ടു
ദൂരങ്ങളിലേക്ക് യാത്രയാകുമ്പോൾ
മുതൽകൂട്ടയി കൂടെ ഉള്ളത്
ഓർക്കാൻ കുറെ നല്ല ഓർമ്മകൾ...


20 Jul 2015

ഞാനും എന്റെ ഈശ്വരനും

ഞാൻ ഈശ്വര വിശ്വാസി ആണ്. അതുപോലെ തന്നെ ഈശ്വരരാധികയും ആണ്. എന്നാൽ ഈശ്വര സൃഷ്ട്ടിയെ ഞാൻ ആരാധിക്കുന്നില്ല. സൃഷ്ട്ടവായ ഈശ്വരനെ ആണ് ഞാൻ ആരാധിക്കുന്നത്.


13 Jul 2015

ആത്മാർഥ പ്രണയം

ആത്മാർഥമായി ഒരാളെ പ്രണയിച്ചിട്ടുണ്ടെങ്കിൽ സന്തോഷമായാലും, സങ്കടമായാലും  ഏതു ജീവിതതിരക്കിലായാലും ഇടക്കെങ്കിലും ആ പ്രണയം മനസ്സിനെ കുത്തി നോവിക്കും. ജീവിതകാലം മുഴുവൻ ആ സ്നേഹം പിൻതുടർന്നു കൊണ്ടിരിക്കും. എല്ലാവർക്കും അങ്ങനെ ആയിരിക്കുമോ എന്നറിയില്ല. പക്ഷെ ഞാനറിയുന്നു.

ആ പ്രണയത്തെപറ്റി തന്റെ നല്ല പാതിയോടു ഷെയർ ചെയ്യുകയും ചെയ്യും. അത് കേൾക്കുമ്പോൾ നല്ലപാതിക്കു മനസ്സു വല്ലാതെ എരിയുമെങ്കിലും അതുപുറത്തു കാണിക്കാതെ തന്റെ നല്ലപാതിയെ നെഞ്ചോടു ചേർത്തു പിടിക്കുകയോ അല്ലെങ്കിൽ താനതു വളരെ സിമ്പിൾ ആയിട്ടെ കാണുന്നുള്ളൂ എന്നു പറയുകയോ ചെയ്യും.

പിന്നീട് തങ്ങളുടെ സംസാരത്തിൽ ആ വ്യക്തി കടന്നുവരാതിരിക്കാൻ രണ്ടു പേരും ശ്രമിക്കും.

മിക്ക പ്രണയങ്ങളും ഉണ്ടാവുന്നത് തനിക്കു ആരും ഇല്ല എന്നതോന്നലിൽ നിന്നും ഞാനുണ്ട് എന്നാ പ്രതീക്ഷ നൽകുന്നിടത്തുനിന്നോ, അല്ലെങ്കിൽ തനിക്കത്തിനു കഴിയില്ല എന്ന തോന്നലിൽ നിന്നും തന്നെകൊണ്ടത് കഴിയും എന്ന ആത്മവിശ്വാസം നൽകുന്നിടത്തുനിന്നോ ആണ്.

അതു കൊണ്ടുതന്നെ ജീവിതത്തിൽ എത്ര ഉയരങ്ങളിൽ എത്തിയാലും ആ നല്ല ഓർമ്മകളെ ആർക്കും മായിച്ചു കളയാൻ കഴിയില്ല.

അന്നു ഞാൻ സ്നേഹിച്ചിരുന്ന ഇന്നത്തെ എന്റെ ആത്മാർത്ഥ സുഹൃത്തിനോട് ഞാൻ പറയട്ടെ എല്ലാത്തിനും നന്ദി. ഒരിക്കലും മറക്കില്ല. മറക്കാനും കഴിയില്ല.



23 Feb 2015

ഇഷ്ട്ടത്തോടെ പ്രിയ ചങ്ങാതിക്ക്

അവനിന്നത് ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അന്നു ഞങ്ങൾ രണ്ടു പേരും ഒന്നിച്ചു ഒരേ ദിവസം ഒരേ ക്ലാസ്സിൽവച്ചു കണ്ടതും, ഒരേ ചെയറിനു വേണ്ടി പിടിച്ചതും, പിന്നീടു അവനതെനിക്കായി വിട്ടുതന്നതും, അവനെന്റെ തൊട്ടടുത്തു ചെയറിൽ ഇരുന്നതും. അന്നു മുതൽ ഞങ്ങൾ സുഹൃത്തുക്കൾ ആയി. പിന്നെ ഞാനും അവനും എപ്പോഴും ഒരുമിച്ചു നടക്കാൻ തുടങ്ങി. അവനാണെന്നെ ആദ്യമായി ബേക്കറിൽ കൊണ്ടുപോയതും എനിക്കു ഐസ്ക്രീം വാങ്ങിച്ചു തന്നതും. അന്നും ഇന്നും ഞാൻ എല്ലാം തുറന്നു പറയുന്ന എന്റെ ആത്മാർത്ഥ സുഹൃത്ത് അവനായിരുന്നു. ഏതു സമയത്തും എനിക്ക് വിളിക്കാം സംസാരിക്കാം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കഴിയുമെങ്കിൽ പരസ്പരം ചെയിതിരിക്കും.

ഇന്നവൻ ഒരു കുടുംബനാഥാൻ ആണ്. സാധാരണ എല്ലാവരും കല്യാണം കഴിഞ്ഞു കുടുംബമാകുമ്പോൾ സ്വന്തം ജീവിതത്തിലേക്ക് ഒതുങ്ങുകയും സൗഹൃദങ്ങൾക്കു വലിയ വില കൊടുക്കാതിരിക്കുന്നതുമാണ് കണ്ടിട്ടുള്ളതും, അനുഭവിച്ചിട്ടുള്ളതും. അവന്റെ കല്യാണം കഴിഞ്ഞപ്പോൾ എന്റെ അമ്മ ഉൾപ്പെടെ പലരും എന്നെ വിലക്കിയിരുന്നു. പണ്ടത്തെ പോലെ സംസാരിക്കാനോ കൂട്ടുകൂടാനോ പോകരുതെന്നും, അത് അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മറ്റും. എനിക്കു ചുറ്റുമുള്ളവരെല്ലാം അങ്ങനെ പറയാൻ തുടങ്ങിയപ്പോൾ  ഞാൻ അവനെ വിളിച്ചു ചോദിച്ചു അങ്ങനെ പ്രശ്നം ഉണ്ടോ എന്ന്. അവനെ വിളിക്കാൻ എനിക്കല്ലാതെ വേറെ ആർക്കും അവകാശം ഇല്ലാന്നു അവൻ പറഞ്ഞപ്പോ ഈ ലോകത്തെ തന്നെ ഞാൻ കയ്യിലാക്കിയ അനുഭവം ആയിരുന്നു. ഇന്നവന്റെ ജനന തീയ്യതി ആണ്. അന്നു മുതൽ ഇന്നുവരെയും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ഇന്നും എന്നും നന്മകൾ ഉണ്ടാവാൻ ദൈവം അവനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

ഒത്തിരി ഇഷ്ട്ടത്തോടെ പ്രിയ ചങ്ങാതിക്കു പ്രിയപ്പെട്ട ചങ്ങാതിയുടെ പിറന്നാൾ ആശംസകൾ...  :)


24 Jan 2015

ഡിസംബറിലെ ഒരു ചൊവ്വാഴ്ച്ച

16 / Dec / 2015

പതിനഞ്ചു ദിവസം എത്ര പെട്ടന്നാ പോയത്, ആരും അറിഞ്ഞതെ ഇല്ല!!. ഇങ്ങനാവും പലരും പറയുന്നുണ്ടായിരിക്കുക. പക്ഷെ എനിക്കങ്ങനല്ല.., ഞാൻ അറിഞ്ഞു.., അനുഭവിച്ചു തന്നെ അറിഞ്ഞു. ഓരോ ദിവസങ്ങളും, മണിക്കൂറുകളും, നിമിഷങ്ങളും എല്ലാം... പലപ്പോഴും ഫോണിലൂടെ വളരെ കുറച്ചുമാത്രം സംസാരിച്ചിരുന്ന നീ അതെനിക്കു വളരെവലിയ ആശ്വാസമായിരുന്നു. അതുപോലെ പാതിയിൽ വച്ചു മുറിഞ്ഞു പോയിരുന്ന നമ്മുടെ സംസാരം അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്റെ സാന്നിദ്ധ്യം നിനക്ക് ഒരു ബാധ്യത ആകുന്ന പോലെ , ഞാൻ എന്തിനാ എന്ന് ഞാൻ എന്നോടുതന്നെ പലപ്പോഴും ചോദിച്ചു. അതിനിടയിൽ പലരുടേയും ഫോണ്‍ വിളികൾ ജീവിതം തന്നെ വെറുപ്പിച്ചു.

സ്നേഹം, സന്തോഷം, ദു:ഖം ഇവ എന്തെന്ന് തിരിച്ചറിവു തുടങ്ങിയ കാലം മുതൽക്കുള്ള ഒരുതരം അഡ്ജെസ്റ്റ്മെന്റ് ആണു ജീവിതത്തോട്. ആ അഡ്ജെസ്റ്റ്മെന്റിൽ  ഉത്സവപറമ്പിലെ കളിപ്പാട്ടങ്ങൾ പോലും അംഗങ്ങൾ ആയിരുന്നു.

എനിക്ക് നിന്നെ ഇഷ്ട്ടമാണ്. ഒരുപാട് ഇഷ്ട്ടമാണ്. എന്റെ ജീവനാണ്.എനിക്കറിയില്ല എങ്ങനെ അത് പറയും, കാണിക്കും എന്നു. നിന്നെ ഒന്നുകാണുമ്പോൾ ഒന്നു സംസാരിക്കുമ്പോൾ പലപ്പോഴും ഞാൻ തിരിച്ചു വരികയായിരുന്നു ജീവിതത്തിലേക്ക്. എനിക്ക് അറിയാത്തതും അതുപോലെ അറിയാൻ ഒരുപാട് ആഗ്രഹം ഉള്ളതുമായ ഒരു കാര്യം നിനക്കു ഞാൻ ഒരു ആശ്വാസം ആകുന്നുണ്ടോ ശരിക്കും?